തിരികെയെത്തിയാൽ നിനക്കായ് കൈ തന്നിടാം
കൈ കോർത്ത് ആടാമാവയൽ വയൽ വരമ്പിലൂടെ
നനയാം നമുക്കൊരുമിച്ചൊരു ,മഴ കൂടിയൊന്നിച്ച്
തിരികെയെത്തുമോ, നീ ഒരു വട്ടമരികിലായ് .
ചൊല്ലിടാം കഥകൾ, നുണഞ്ഞിടാം കോലുമിഠായി,
ഈതി പറത്തിടാമീ, അപ്പൂപ്പൻതാടികൾ, തൊട്ട്
തൊട്ടു , അണച്ചിടാം ഈ തൊട്ടാവാടിയിലകൾ
കൂടുമോ കൂട്ടിനായി, എൻ ഉള്ളിൽ ഉറങ്ങും തോഴി.
തരില്ല, നിനക്കിനി ലക്ഷ്യങ്ങളുടെ ഭാരം, തരില്ലാ,
നിനക്കിനി പുസ്തകച്ചുമടുകളുടെ മടുക്കുന്ന ഭാരം,
പേടിക്കേണ്ട നീയിനി ചൂരൽ വടിയും, നോവില്ല
എനിക്കിപോൾ അതൊന്നും, വേദനയായി തോന്നില്ല.
കുഞ്ഞു മോഹങ്ങൾ നടന്നില്ലെന്നുച്ചൊല്ലി കരയിക്കില്ല
നിന്നെ; വലിയ വേദനകളെന്ത് എന്ന് ഞാനറിഞ്ഞു.
പേടി വേണ്ട, ചിലന്തിയെയും, പാറ്റയെയും,
പേടിക്കേണ്ട മൃഗങ്ങൾ ആരെന്ന് ഞാനറിഞ്ഞു പോയി.
തിരികെ എത്തിയാൽ തരണമനിക്കൊരു പിടി നല്ല മൂല്യം,
മനുഷ്യൻ കൊതിക്കുന്ന നല്ല മൂല്യം, മനുഷ്യനായി മാറിടാൻ,
ഉതകുന്ന മൂല്യം, അത് നിന്നിൽ ആവോളമില്ലേ,
എപ്പഴോ വഴി തെറ്റിയോരെന്നിൽ വർഷിക്കണമാ മൂല്യങ്ങൾ നീ.
തിരികെയെത്തുമോ നീ, ഒരു വട്ടം കൂടിയാ-
തോർത്തിന്റെയൊരറ്റമതിൽ, പിടിച്ചിടാം കുഞ്ഞു മത്സ്യങ്ങളെ,
കളിച്ചിടാം മഴയത്ത്, തോണി ഒഴുക്കിടാമപ്പോൾ,
നിനക്കായ് ചേമ്പില കുട, നീട്ടി പിടിച്ചിടാം.
വിളമ്പിടാം ഇലയിൽ മണ്ണപ്പം വയറു നിയറെ,
മുല്ലപ്പൂമാല കോർത്തണിയിച്ചിടാം, ഒളിപ്പിച്ചു വെച്ചീടാമൊരു
ചേല, നിന്നെ ചുറ്റാൻ, വരുമോ നീ,
തിരികെ വരുമോ, പറയാതെ പോയോരെൻ ബാല്യമേ…