രണ്ടേരണ്ടു മാമ്പഴം

3 mins read

 

തേങ്ങീല, മിഴിനിറഞ്ഞെങ്കില്ലും, തേങ്ങരുതെന്ന് സ്വയമോതി
ഒരേയൊരാഗ്രഹം മാത്രം, ആ കുരുന്നെനോടായി അരുളി
രണ്ടേരണ്ടു മാമ്പഴം, അങ്കണമാവിലെ, രണ്ടേരണ്ടു മാമ്പഴം;
കേട്ടിതു ഞാൻ സ്വയമോതി, തേങ്ങരുത്, അരുതിവിടെയരുത്.

ക്യാൻസർ കാർന്നൊരു ബാല്യം, തിളക്കമില്ലാക്കുഞ്ഞു മിഴികളിൽ,
വിറയാർന്ന ചുണ്ടുകൾക്കില്ലൊരു കുഞ്ഞു കഥ ചൊല്ലുവാൻ,
മത്സരിക്കാനറിഞ്ഞീടാത്ത, കുരുന്നിനായി ഉരുകുന്ന
ഒരച്ഛനുമ്മയും നിൽപൂ അതാ  നീർജ്ജീവമായി.

നാളെ ഡോക്ടർ വിധിയെഴുതിയ ചീട്ടുമായിറങ്ങുമവരാശുപത്രിപ്പടി
എത്തണമതിനു മുൻപായി, ഒന്നുകൂടി കാൺമാൻ, ആ കുരുന്നിനെ
രണ്ടു മാമ്പഴമേകുവാൻ, ഒരുമ്മ നൽകുവാൻ, മാറോടണയ്ക്കാൻ;
എത്ര ക്ഷണികമീ ജീവിതം, ഇത്രയും ക്ഷണികവുമാവരുതായിരുന്നു.

എന്റെ മാവിലെയേറ്റവും മാധുര്യമാർന്ന, രണ്ടു മാമ്പഴമാകണേയെൻ കരങ്ങളിലണയാൻ,
ആ കുഞ്ഞു വിളക്ക്, ഞാനെത്തും വരേയ്ക്കും കെടാതെ കാക്കണേ
മാമ്പഴങ്ങളാ വായിലലിയും വരേയ്ക്കുമവൾക്കായുസ്സേകണേ;
അല്ല, എന്നുമെൻ മാവിലെ മാമ്പഴം നുകരുവാനായുസ്സവൾക്കായി നൽകേണമേ.

രണ്ടേരണ്ടു മാമ്പഴമതുവരെയെത്തിക്കാനായുസ്സെനിക്കും നൽകേണമേ;
എത്ര ക്ഷണികമീ ജീവിതം, ഇത്രയും ക്ഷണികവുമാവരുതായിരുന്നു.

Leave a Reply

Your email address will not be published.